ചെറുപുഴ: ഉരുൾപൊട്ടി പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് മീന്തുള്ളി തുരുത്തിൽനിന്നു തന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ രാജേഷിനായി കണ്ണീരോടെ പ്രാർഥനയിൽ കഴിയുകയാണ് കോലുവള്ളിയിലെ ശബനിയിൽ ബെന്നി. കഴുത്തൊപ്പം വെള്ളത്തിൽ നിസഹായനായി നിന്നിരുന്ന ബെന്നിയെ രക്ഷിച്ച ശേഷമാണ് രാജേഷിനെ ഒഴുക്കിൽപ്പെട്ടു കാണാതായത്.
കോലുവള്ളി നോർത്തിലെ തന്റെ കൃഷിയിടത്തിൽ ശനിയാഴ്ച രാവിലെ എത്തിയതായിരുന്നു ബെന്നി. രാവിലെ 11.30 ഓടെ കർണാടക വനത്തിൽ ഉരുൾപൊട്ടി വെള്ളം കാര്യങ്കോടുപുഴയിലും ബെന്നിയുടെ കൃഷിയിടത്തിലും കുത്തിയൊലിച്ചെത്തി. പിന്നീട് വെള്ളം കുറഞ്ഞപ്പോൾ ഷെഡിൽനിന്നും മോട്ടറും കാടുവെട്ടുന്ന മെഷീനും മറ്റും മാറ്റിവയ്ക്കാൻ ശ്രമിക്കുമ്പോൾ പൊടുന്നനെ വീണ്ടും വെള്ളം ഉയർന്നു. ഉടനെ പഞ്ചായത്തംഗം റോഷി ജോസിനെ വിളിച്ച് താൻ ഒറ്റപ്പെട്ടുപോയ വിവരം അറിയിക്കുകയായിരുന്നു. പേടിക്കേണ്ട ഉടൻ സഹായമെത്തുമെന്നു മറുപടിയും കിട്ടി.
ഇതിനു പിന്നാലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കഴുത്തൊപ്പം വെള്ളത്തിലായ ബെന്നിയുടെ മൊബൈലും വെള്ളത്തിൽ നഷ്ടപ്പെട്ടു. ഒരു മരത്തിൽ പിടിച്ച് സഹായം കാത്തുനിന്ന ബെന്നിയുടെ അടുത്തേക്ക് മീന്തുള്ളി വാട്ടർ ഫാൾസിലെ റെപ്പല്ലിംഗ് ഇൻസ്ട്രക്ടറായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റർ ജിതിനും കരകവിഞ്ഞ് ഒഴുകുന്ന പുഴയിൽ റാഫ്റ്റിൽ തുഴഞ്ഞെത്തുകയായിരുന്നു. റാഫ്റ്റിൽ എത്തിയ രാജേഷും സുഹൃത്തുക്കളും എത്തി കയർ എറിഞ്ഞുനൽകി. ഇത് ഒരു തെങ്ങിൽ കെട്ടി കയറിൽ പിടിച്ച് ബെന്നി മുന്നിലും രക്ഷാപ്രവർത്തകർ പിന്നിലുമായി പുഴ കടക്കുന്നതിനിടെയാണ് ഏറ്റവും പിന്നിലായുണ്ടായിരുന്ന രാജേഷ് കയറിൽനിന്നുള്ള പിടിവിട്ട് ഒഴുക്കിൽപ്പെട്ടതെന്ന് ബെന്നി ഞെട്ടലോടെ ഓർക്കുന്നു.
രാജേഷ് തന്റെ ലൈഫ് ജാക്കറ്റും ബെന്നിക്ക് നൽകിയിരുന്നു. ലൈഫ് ജാക്കറ്റിന്റെ അഭാവത്തിൽ രാജേഷ് നീന്താൻ ശ്രമിച്ചപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. റോപ്പ് ക്ലൈംബിംഗിൽ നിരവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ പൂർത്തിയാക്കിയ വ്യക്തിയാണ് രാജേഷ്. അഡ്വഞ്ചർ ടൂറിസം സംരംഭകർക്ക് ക്ലാസ് എടുക്കുന്ന രാജേഷ് നീന്തലിലും വിദഗ്ദനായിരുന്നു. വെള്ളത്തിൽ തണുത്ത് ശരീരം കോച്ചിപ്പിടിച്ചതാകാം നീന്താൻ കഴിയാത്തതിന് കാരണമെന്നാണ് കരുതുന്നത്. രാജേഷിന്റെ തിരിച്ചു വരവിനായി പ്രാർഥനയോടെ കഴിയുകയാണ് ബെന്നിയും ഭാര്യ ആൻസിയും അടങ്ങുന്ന കുടുംബം.